5.6 ലക്ഷം വീട്, 4 .5 ലക്ഷം കോടി രൂപ: ക്യാൻസർ പോലെ റിയൽ എസ്റ്റേറ്റ് ഫ്‌ളാറ്റ് തട്ടിപ്പുകൾ
ഫ്ലാറ്റുകൾ ബുക്ക് ചെയ്യുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ് ഇന്ന്. മുൻപ് നോർത്ത് ഇന്ത്യയിലെ വലിയ സിറ്റികളിലായിരുന്നു ഈ പ്രവണത കൂടുതലെങ്കിൽ അത് കേരളം പോലെ വാസയോഗ്യമായ മേഖലകളിലേക്കും പടരുന്നു. പത്തനംതിട്ടയിലും, ഇടുക്കിയിലും ഒക്കെ ഫ്‌ളാറ്റുകൾ വരുന്നു എന്നത് കൗതകത്തോടെ മാത്രമേ നോക്കി നിൽക്കാൻ കഴിയൂ.
ഏതെങ്കിലും ഒരു പ്രദേശത്ത് നാമ മാത്രമായ വിലയിൽ കൈക്കലാക്കിയ ഭൂമിയിലായിരിക്കും ഏറെയും ഫ്ലാറ്റുകൾ നിർമിക്കുക. ഇത് ലോകത്തു നില നിൽക്കുന്ന ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ്. നൂറു കണക്കിന് നിലകളുള്ള ഫ്‌ളാറ്റ് സമുച്ഛയങ്ങൾ ഉണ്ട്. പത്തു സെന്റ് സഥലത്ത്, ഒരു വീടിരിക്കേണ്ട സ്ഥലത്ത്, നൂറു കണക്കിനാളുകൾ തിങ്ങി പാർക്കുക എന്നതാണ് ഫ്‌ളാറ്റുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ സിറ്റികളിൽ ഉണ്ടാകുന്ന സ്ഥല പരിമിതികളാണ് ഫ്‌ളാറ്റ് കൺസപ്റ്റുകളെ പറ്റി ജനങ്ങൾ ചിന്തിക്കാൻ കാരണം. പക്ഷെ വിശാലമായ ഭൂപ്രദേശങ്ങളിൽ പോലും ഫ്‌ളാറ്റുകൾ പണിതുയരുന്നത് ന്യായീകരിക്കാവുന്നതുമല്ല.
ഫ്‌ളാറ്റുകൾക്കു രൂപ രേഖ തയ്യാറാക്കുമ്പോഴേ അത് വില്പന തുടങ്ങും. ആദ്യം അഞ്ചോ പത്തോ ലക്ഷം രൂപ നൽകണം. പിന്നീട് തുല്യ തവണകളായി പണം അടക്കണം എന്നതാണ് വ്യവസ്ഥ. ആദ്യത്തെ അഡ്വാൻസ് തുക കൊടുക്കുമ്പോൾ പത്തോ ഇരുപതോ സെന്റ് ഭൂമിയും, നിരവധി നിലകളുള്ള ഒരു കെട്ടിടത്തിന്റെ രൂപ രേഖയും മാത്രമാകും ഉണ്ടാകുക. വായുവിൽ എവിടെയോ പണിയുന്ന രണ്ടോ മൂന്നോ മുറികളുള്ള ഒരു മായാ ജാലത്തിനു വേണ്ടിയാണ് അത്രയും രൂപ നൽകുന്നത്. ഇത്തരത്തിൽ പണം നൽകിയ ലക്ഷക്കണക്കിന് ആളുകൾ ഇന്ന് കോടതി കയറി ഇറങ്ങുകയാണ്. കൊടുത്ത പണവും ഇല്ല, ഫ്‌ളാറ്റും ഇല്ല എന്ന അവസ്ഥയിലാണിവർ. ഇതിനു പുറമെ ആണ് ലക്ഷങ്ങൾ കോടതി വ്യവഹാരങ്ങൾക്കായി നൽകേണ്ടി വരുന്നത്.
ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളിലായി 4 .75 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ നിയമത്തിന്റെ നൂലാ മാലകളിൽ കുടുങ്ങി കിടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജയ്പീ, അമ്രപാളി തുടങ്ങിയ റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായകന്മാരുടെ നിരവധി പ്രൊജക്ടുകളാണ് കഴിഞ്ഞ പത്തു വർഷമായി കെട്ടി കിടക്കുന്നത്. 2007 ലാണ് റിയൽ എസ്റ്റേറ്റ് എന്ന വ്യവസായം ഉരുണ്ടു കൂടുന്നത്. യൂണിടെക് ലിമിറ്റഡ്, ആമ്രപാലി ഗ്രൂപ്പ്, ദി 3C കമ്പനി, ഗാര്ഡനിയ ഗ്രൂപ്പ്, ജയ്പീ ഗ്രൂപ്പ് തുടങ്ങിയ നിരവധി കമ്പനികളിലാണ് ഈ രംഗത്തു പ്രവർത്തിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ അധ്വാനം മുഴുവൻ ഒരു കുടികിടപ്പിനായി കൊടുത്ത് വഴിയാധാരമായത് 6 കോടിയോളം പേര് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണക്കുകളിൽ വലിയ കോർപ്പറേറ്റു കമ്പനികളെ വരുന്നുള്ളുവെങ്കിലും ചെറുതും വലുതുമായ ആയിരക്കണക്കിന് റിയൽ എസ്റ്റേറ്റ് കമ്പനികൾ ഉണ്ട്.
2018 ൽ അനാരോക്ക് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നടത്തിയ സർവേയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. സമ്പത്തിന്റെയും, ജനസാന്ദ്രതയുടെയും കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യയിലെ 7 പ്രധാനപ്പെട്ട പട്ടണങ്ങളിൽ മാത്രമായി 5.6 ലക്ഷം വീട് പദ്ധതികളാണ് റിയൽ എസ്റ്റേറ്റ് കമ്പനികളിൽ കെട്ടി കിടക്കുന്നത്. ഇത് 4 .5 ലക്ഷം കോടി രൂപയുടെ ബാധ്യതകളാണ് ജനങ്ങൾക്ക് വരുത്തി വച്ചിരിക്കുന്നത്.
ഇല്ലാത്ത ഒരു വീടിനു വേണ്ടി, കാണാത്ത ഒരു ബിൽഡിങ്ങിനു വേണ്ടി പണം മുടക്കുന്നത് ബുദ്ധിപരമായിരിക്കില്ല. ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റണമെന്ന കോടതി ഉത്തരവ് വന്നിരുന്നു. ഫ്‌ളാറ്റുടമകൾ പണം വാങ്ങി പോയിട്ടുണ്ടാകും. നഷ്ടം വരുന്നത് ഫ്ലാറ്റുകൾ വാങ്ങിയവർക്ക് മാത്രമാകും. ഫ്ലാറ്റുകൾ പണിയുന്ന മിക്കവാറും എല്ലാ ഭൂമികളും തർക്ക ഭൂമികളാണെന്നത് വളരെ ശ്രദ്ധേയമാണ്. കായൽ നികത്തിയും, പാടങ്ങൾ തരിശു ഭൂമിയാക്കിയും പണിയുന്ന വമ്പൻ ഫ്‌ളാറ്റുകൾ ഇന്നല്ലെങ്കിൽ, നാളെ ഒരു ബാധ്യതയായി മാറും.
No comments: