എ വി ടി തോട്ടം ഭൂമിയിൽ നിന്ന് കടത്തിയത് കോടികളുടെ മരങ്ങൾ
എ വി ടി തോട്ടം ഭൂമിയിൽ നിന്ന് കടത്തിയത് കോടികളുടെ മരങ്ങൾ
ചിറ്റാർ: ചിറ്റാർ എ വി ടി തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നു നിന്ന കോടിക്കണക്കിനു രൂപയുടെ തടികൾ അനധികൃതമായി മുറിച്ചു കടത്തി. ബഞ്ചമൺപാറ പള്ളിക്കാട്, മീൻകുഴി കൊടിത്തോപ്പ് എന്നീ പുറമ്പോക്ക് ഭൂമികളിൽ ഉൾപ്പട്ട തേക്ക്, ഈട്ടി ഉൾപ്പടയുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്.
ചിറ്റാർ, സീതത്തോട് വില്ലേജുകളിൽ ഉൾപ്പെട്ടതും റവന്യു ഭൂമിയാണെന്ന് സർക്കാർ വാദിക്കുന്നതും, വനം ഭൂമിയാണെന്ന് സംശയിക്കുന്നതുമായ ചിറ്റാർ എ വി ടി തോട്ടത്തിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ മരങ്ങളാണ് മുറിച്ചു കടത്തിയത്. തേക്ക്, ഈട്ടി, കമ്പകം, തേമ്പാവ് തുടങ്ങിയ വൻ വൃക്ഷങ്ങൾ മുറിച്ചു കടത്തിയവയിൽ ഉൾപ്പെടുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ചിറ്റാർ മീൻകുഴി കൊടിതോപ്പിൽ വളർന്നു നിന്നിരുന്ന കോടിക്കണക്കിനു വിലയുള്ള അമൂല്യ വൃക്ഷങ്ങൾ ഇപ്പോൾ കാണാനില്ല. ഇത് വനം വകുപ്പ് ജണ്ടാ കെട്ടി തിരിച്ച് വനഭൂമിയായി നില നിർത്തിയിരുന്നതാണ്. ഇവിടെ വളർന്നു നിന്ന വെൺതേക്ക്, മരുതി, കുളമാവ്, തേക്ക്, ഈട്ടി എന്നീ മരങ്ങൾക്കു നൂറു വർഷത്തെ എങ്കിലും പഴക്കമുണ്ടായിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം മുറിച്ചു കടത്തി. ഇത് സർക്കാരിനും വനം വകുപ്പിനും ഭീമമായ നഷ്ടമാണുണ്ടാക്കിയത്. വനഭൂമിയിൽ നിന്ന ഈ മരം മുറിച്ചു കടത്തിയത് അറിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പിന്റെ ഭാഷ്യം.
ചിറ്റാർ ബഞ്ചമൻപാറ പള്ളിക്കാട് എന്ന പത്തോളം ഏക്കർ വരുന്ന ഭൂമിയിയും വന ഭൂമിയായി വനം വകുപ്പ് തിരിച്ചിട്ടിരുന്നതാണ്. ജണ്ട കെട്ടി തിരിച്ചിരുന്നത് സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയാണ് ഭൂമി കൈയേറിയത്. ജണ്ടാ കെട്ടിയിരുന്നത് എസ്റ്റേറ്റ് കാരാണെന്നാണ് ഇയാൾ പറയുന്നത്. പാറക്കെട്ടുകൾ ഉള്ള ഈ ഭൂമിയിൽ കോടിക്കണക്കിനു രൂപയുടെ തേക്ക് മരങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ കാണാനില്ല. ഇതിനെതിരെ നിരവധി പരാതികൾ വനം വകുപ്പിന് നൽകിയിട്ടും സ്ഥലം സന്ദർശിക്കാൻ പോലും അവർ തയ്യാറായില്ല.
അതീവ പരിസ്ഥിതി ലോല പ്രദേശമായ ഈ രണ്ടു വില്ലേജുകളിലുമായി പരന്നു കിടന്നിരുന്ന എ വി ടി തോട്ടത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തടികൾ വനം വകുപ്പ് ഉൾപ്പടെയുള്ള അധികാരികളുടെ അറിവോടെയാണ് കടത്തിയതെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ പല തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി ഒന്നുമെടുത്തില്ല. തോട്ടം ഭൂമികളിൽ നിന്ന് മുറിച്ചു മാറ്റുന്ന റബ്ബർ മരങ്ങൾക്ക് പോലും സീനിയറേജ് അടക്കേണ്ടതാണ്. തേക്ക്, ഈട്ടി മുതലായ മരങ്ങൾ മുറിച്ചു കടത്തിയത് അനധികൃതമായതിനാൽ റബ്ബർ മരത്തിനു കിട്ടുന്ന സീനിയറേജ് പരിഗണന പോലും സർക്കാരിന് കിട്ടിയില്ല. മാത്രമല്ല വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയതിനെതിരെ കേസെടുക്കേണ്ടതുമാണ്.
ചിറ്റാർ എവിറ്റി എസ്റ്റേറ്റിന്റെ അതിരുകളിൽ 1000 ക്കണക്കിന് തേക്കുകൾ വളർന്നു നിന്നത് ഇപ്പോൾ കാണാനില്ല.
No comments: