പോലീസ് ഭരിക്കുന്നത് ആഭ്യന്തര മന്ത്രി പിണറായി വിജയനാണെന്നു കരുതാൻ യാതൊരു ന്യായവുമില്ല. താഴെ പറയുന്ന എത്ര എത്ര പ്രശ്നങ്ങളാണ് പോലീസ് ഉണ്ടാക്കി വച്ചത്

പോലീസ് ഭരിക്കുന്നത് ആഭ്യന്തര മന്ത്രി പിണറായി വിജയനാണെന്നു കരുതാൻ യാതൊരു ന്യായവുമില്ല. താഴെ പറയുന്ന എത്ര എത്ര പ്രശ്നങ്ങളാണ് പോലീസ് ഉണ്ടാക്കി വച്ചത്.  പിണറായി സർക്കാരിന്റെ പ്രതിശ്ചായ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പോലീസ് കാര് തന്നെയാണ്. ഇതിനു പിന്നിൽ വൻ ഗൂഡാലോചന ഉണ്ടോ എന്നന്വേഷിക്കണം. പോലീസിനുണ്ടാകുന്ന നിരന്തര വീഴ്ചകള്‍ സര്‍ക്കാറിന് തന്നെ വലിയ തലവേദനയാകുകയാണെങ്കിലും അത് പരിഹരിക്കാൻ യാതൊരു ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.  ഇത് കാരണം നല്ലവരായ, മിടുക്കൻ മാരായ പോലീസുകാർക്കും കളങ്കം ഉണ്ടാകുന്നു.

നെടുങ്കണ്ടം രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സി പി ഐ ജില്ല സെക്രെട്ടറി കെ കെ ശിവരാമൻ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.  ഭരിക്കുന്ന പാർട്ടി തന്നെയാണ് ഈ ആവശ്യം ഉന്നയിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ കറയുണങ്ങും മുമ്പേയാണ്  കോട്ടയത്തു ദുരഭിമാനക്കൊല ഉണ്ടായത്. ഇന്നിപ്പോൾ മറ്റൊരു കസ്റ്റഡി മരണവും ഉണ്ടായിരിക്കുന്നു.  പോലീസ് മൃഗീയമായി ഒരു പ്രതിയെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.  ഇത് ശരിയാണെങ്കിൽ വലിയ മൂല്യ തകർച്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത്.  ഒരു വലിയ തട്ടിപ്പു വിഷയത്തിൽ പ്രതിയെ നുള്ളി നോവിക്കാതെ കോടതിയിൽ എത്തിക്കേണ്ടതാണ്.  കോടതിയിൽ കേസ് തെളിയിക്കേണ്ടതും, തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ പേരെ രംഗത്തു കൊണ്ടുവരാനുമുള്ള വലിയ അവസരം പോലീസ് തന്നെ നശിപ്പിക്കുകയല്ലേ.  ഇത് മനപ്പൂർവമാണോ എന്ന് പരിശോധിക്കേണ്ടതാണ്.  ആരുടെ കാറിൽ നിന്നാണ് പ്രതിയെ പിടിച്ചത്.  അതൊരു വലിയ ചോദ്യമാണ്. രാജ് കുമാർ മരിച്ചാൽ രക്ഷപ്പെടുന്നത് ആരൊക്കെയാണ്? എന്തിനാണ് പോലീസ് ഈ റിസ്ക് ഏറ്റെടുത്തത്?

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പോലീസ് വിവിധ വിഷയങ്ങളിൽ ആരോപണം നേരിട്ടുകൊണ്ടിരിക്കുന്നു. കോവളത്തെ വിദേശ വനിതയുടെ കൊലപാതകവും തൃശൂര്‍ പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി വിനായകനെന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവവും, അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന മധുവിന്റെ കൊലപാതകവുമെല്ലാം പോലീസ് നിഷ്‌ക്രിയത്വം ബോധ്യപ്പെടുത്തിയ സംഭവങ്ങളായിരുന്നു.

ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോഡില്‍ വലിച്ചിഴച്ച സംഭവം നാമെല്ലാം നേരിട്ട് കണ്ടതാണ്. ഇത് വലിയ നാണകേടുണ്ടാക്കി. എടപ്പാളിലെ സിനിമാ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച വ്യവസായിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും ആഭ്യന്തരവകുപ്പിനെ ഏറെ പഴികേള്‍പ്പിച്ച വിഷയമാണ്. കെവിന്‍ എന്ന നവവരനെ തട്ടിക്കൊണ്ടുപോയ ശേഷം പോലീസിന് 16 മണിക്കൂര്‍ സമയമുണ്ടായിരുന്നിട്ടും ഒന്നും ചെയ്തില്ല. അന്വേഷണം നടത്തിയില്ല എന്ന ഒറ്റ കാരണത്തിൽ കെവിൻ കൊലപാതകത്തില്‍ അന്ത്യം കൊണ്ടു. ഇപ്പോള്‍ കെവിന്റെ കൊലപാതകത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് പോലീസ്.

പാതിരാക്ക് ഒരു കയര്‍ത്തുമ്പില്‍ ജീവനൊടുക്കാന്‍ 19കാരന്‍ വിനായകനെന്ന ദളിത് യുവാവ് തീരുമാനിച്ചത് വെറുതെയായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് പോലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമായ പീഡനം അത്ര മാത്രം അവന്റെ മനസ്സും ശരീരവും തകര്‍ത്തിരുന്നു. വീടാക്രമിച്ചെന്ന പേരില്‍ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനത്തെ തുടര്‍ന്ന് മരിക്കുന്നു. കോവളത്ത് വിദേശ വനിതയെ കാണാതായ സംഭവവും പിന്നീട് അവരുടെ കൊലപാതകവും പോലീസിനു നാണക്കേടായി.

ആലപ്പുഴ കഞ്ഞിക്കുഴി കുത്തക്കര വീട്ടില്‍ ഷിബുവും ഭാര്യ സുമിയും രണ്ട് മക്കളും ബൈക്കില്‍ പോകുമ്പോള്‍ ഹൈവേ പോലീസ് കൈകാണിക്കുന്നു. നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. ഷിബുവിന്റെ ബൈക്കിനു കുറുകെ പോലീസ് വാഹനം ഇട്ടതിനെത്തുടര്‍ന്ന് ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് യാത്രക്കാരായ ബിച്ചുവും സുമിയും മരിച്ചു. ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാര്‍ യാത്രികന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു.

ഇതൊക്കെ പുറത്തു വന്ന വിഷയങ്ങൾ മാത്രമാണ്.  എല്ലാം മരണത്തിൽ കലാശിച്ചതുകൊണ്ടാണ് ഇവയൊക്കെ നാം അറിയുന്നത്.  ശബരിമല വിഷയത്തിൽ മാത്രം അൻപതിനായിരം കേസുകൾ എടുത്തിരിക്കുന്നു എന്ന് പറയുമ്പോൾ എന്താണ് സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നത്.  എതിർ രാഷ്ട്രീയ ചേരിയിലുള്ളവരിൽ ആർക്കെതിരെയാണ് കേസെടുക്കാത്തതു.  പി എസ് ശ്രീധരൻ പിള്ള തുടങ്ങി എത്രപേർക്കെതിരെ കേസ്.  243 കേസുകളാണ് കെ സുരേന്ദ്രൻ എന്ന ബി ജെ പി നേതാവിനെതിരെ ചുമത്തിയത്.  കേസുകൾ ഭയന്ന് കോൺഗ്രസ്സുകാർ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല. സമരം നടത്താൻ കഴിയുന്നില്ല. 

ഇത് പിണറായി സർക്കാരിനെ ചില്ലറയൊന്നുമല്ല ചെറുതാക്കുന്നതു.  മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്, തന്റെ മന്ത്രിസഭയിലും, പോലീസിലും, വിവിധ വകുപ്പുകളിലും കഴിവുള്ളവരെ പ്രതിഷ്ടിച്ചില്ലെങ്കിൽ ജനരോഷം മുഖ്യമന്ത്രിക്കെതിരെ തെരുവിൽ തന്നെ ഉയരും. 

No comments:

Powered by Blogger.