സിപിഎമ്മും, ആപ്പും സൂപ്പാകും
പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് 'വട്ടപ്പൂജ്യം' എന്ന് ന്യൂസ് എക്‌സ് സര്‍വേ; ഡല്‍ഹിയില്‍ ആം ആദ്മിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ സര്‍വേ; ദക്ഷിണേന്ത്യയില്‍ യുപിഎയുടെ മുന്നേറ്റമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് വലിയ തോല്‍വിയെന്ന് സര്‍വേഫലങ്ങള്‍. ഒരുകാലത്ത് സിപിഎം ശക്തിദുര്‍ഗ്ഗമായിരുന്ന ബംഗാളില്‍ നിന്നും സിപിഎം ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന പ്രവചനം നടത്തിയത് ന്യൂസ് എക്‌സ് ചാനലിന്റെ സര്‍വേയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 29 സീറ്റും, ബിജെപിക്ക് 11 സീറ്റും പ്രവചിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും പ്രവചിക്കുന്നു. സിപിഎമ്മിനും സഖ്യകക്ഷികള്‍ക്കും സീറ്റൊന്നും ലഭിക്കില്ലെന്നാണ് ന്യൂസ് എക്‌സ് പറയുന്നത്.
അതേസമയം ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ സര്‍വേ ഫലം പ്രവചിക്കുന്നത്. ബിജെപി 6-7 സീറ്റ് നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പറയുന്നു.
സംസ്ഥാനത്താകെയുള്ളത് ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ്. താരമണ്ഡലങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ ഇത്തവണ ഡല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങള്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബോക്സര്‍ വിജേന്ദര്‍ സിങ്ങും മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്. അതിനിടെ ഗംഭീറിനെതിരേ ഉയര്‍ന്ന വോട്ടര്‍ ഐ.ഡി കാര്‍ഡ് വിവാദവും ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം ദക്ഷിണേന്ത്യയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്ക് എതിരായിരുന്നു. ഇത്തവണ ദക്ഷിണേന്ത്യയില്‍ യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബിജെപി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.
കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്ബോള്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്‌നാട്ടിലെ 39 ലോക്സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകള്‍ ബിജെപി സഖ്യം നേടുമ്ബോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിക്കുക 3-6 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.
പ്രതിപക്ഷ ഐക്യത്തിന് കിണഞ്ഞുശ്രമിക്കുന്ന എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശില്‍ നേട്ടമുണ്ടാക്കാനാവില്ലെന്ന് സര്‍വേ പറയുന്നു. അവിടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 18-20 സീറ്റുകള്‍ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകള്‍ മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്.
തെലങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പറയുന്നു. 1-3 സീറ്റുകളാണ് ഇവര്‍ക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആര്‍.എസ് 10-12 സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്ന് സര്‍വേ പറയുന്നു. ടി.ആര്‍.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സര്‍വേ പറയുന്നു.
No comments: